latest Post

വരകളിൽ വിസ്മയം തീർക്കുന്ന ഒരു ഉപാസകൻ



 വരകളിൽ വിസ്മയം തീർക്കുന്ന ഒരു ഉപാസകൻ, നിത്യവൃത്തിക്ക് വേണ്ടിയല്ലാതെ ഒരു ഉപാസന. അങ്ങനെ നാടും നാട്ടാരും അറിയുന്ന ഒരു ഉപാസകന്റെ കഥയാണ്‌ ഇന്ന്. 


മലകളും കുന്നുകളും കുഞ്ഞരുവികളും അതിരിടുന്ന, താഴ്വരകൾ ശയ്യ ഒരുക്കിയ ഒരു ഗ്രാമം നിറയെ റബ്ബർ മരങ്ങൾ നിറഞ്ഞ, നിഷ്കളങ്കരായ കുറെ ജീവിതങ്ങൾ വസിക്കുന്ന മനോഹരമായ ആ നാട് ഇന്ന് അറിയപ്പെടുന്നത് ഒരു കലാകാരന്റെ പേരിൽ കൂടിയാണ്. അതെ ഡോക്ടർ ജയകുമാർ അയണിക്കോട്. 


കൊല്ലം ജില്ലയിലെ, പുനലൂർ എന്ന മനോഹര പട്ടണത്തിന്റെ സമീപ പ്രദേശമായ അയണിക്കോട് എന്ന ചെറു ഗ്രാമത്തിലാണ് ജയകുമാർ എന്ന അനുഗ്രഹീത കലാകാരന്റെ പിറവി.


അധ്വാന ശീലനായ, അച്ഛൻ വിജയൻ  നായരുടെ സഹായിയായി ചെറുപ്പത്തിന്റെ ആലസ്യത്തിൽ ചുറ്റിത്തിരിയുമ്പോൾ എപ്പോഴോ അദമ്യമായ കലാബോധത്തിന്റെ തീപ്പൊരി ജയകുമാറിൽ ചാരം മൂടി കിടന്നിരുന്നു. 


സ്കൂൾ വിദ്യാഭ്യാസത്തിൽ ജയകുമാറിന് വഴിത്തിരിവായത് ' പുനലൂർ, വെഞ്ചേമ്പ് കുഞ്ചാണ്ടി മുക്കിലുള്ള NGPMHS ലെ പഠനകാലമായിരുന്നു..

അവിടെ ചിത്രകലാധ്യാ പികയായിരുന്ന ശോശാമ്മ ടീച്ചറാണ് ആദ്യമായി ജയകുമാറിലെ കലാകാരനെ തിരിച്ചറിയുന്നത്..

ഒരു വിദ്യാർത്ഥി എന്നതിലുപരി, പുത്രവാത്സല്യത്തോടെ എല്ലാ പ്രോത്‍സാഹനങ്ങളും, നിർദ്ദേശങ്ങളും നൽകി അനുഗ്രഹിച്ചത്, താൻ മാതൃതുല്യം സ്നേഹിക്കുന്ന ശോശാമ്മടീച്ചറായിരുന്നുവെന്ന് ജയകുമാർ സ്മരിക്കുന്നു..


1996 കാലത്തെ സ്കൂൾ ജീവിതം ഇന്നും ജയകുമാറിന് മധുരസ്മരണകളാണ്..


തുടർന്ന്, കൊട്ടാരക്കര രാജാ രവിവർമ്മ ഫൈൻ ആർട്സ് കോളേജിലേക്കുള്ള പാത തെളിച്ചതും പ്രിയ ശോശാമ്മ ടീച്ചർ തന്നെയായിരുന്നു. അവിടെയും, ജയകുമാറിന് വാത്സല്യവും, അറിവും പകർന്നേകാൻ, ശോശാമ്മ ടീച്ചറിന്റെ സുഹൃത്തും, കോളേജ് പ്രിൻസിപ്പലുമായ ശശിധരൻ സാറും ഉണ്ടായിരുന്നു.


ആരാലും അറിയപ്പെടാതെ അവഗണിക്കപെടുമായിരുന്ന ജയകുമാർ എന്ന കല്ലിനെ കണ്ടെത്തി,തേച്ചുമിനുക്കി വജ്രശോഭ കൈവരുത്തിയത് ഈ ഗുരുഭൂതന്മാർ തന്നെ.. അതിന് ജയകുമാറിന്റെ വിനയവും വിജയങ്ങളും സാക്ഷികൾ...


ചിത്ര രചന  എന്ന പാത തിരഞ്ഞെടുക്കാൻ ജയകുമാറിന് വഴി കാട്ടി ആയതു, സ്വന്തം അമ്മാവനും...  ചിത്രകാരനും ഗായകനും ഒക്കെ ആയി ശോഭിച്ചിരുന്ന ജയധരൻ കോക്കാട്... സ്വന്തം അനന്തിരവനെ കലയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തി. ഇതോടൊപ്പം നന്ദിയോടും കടപ്പാടോടും കൂടി ജയകുമാർ സ്മരിക്കുന്ന മറ്റൊരു  വ്യെക്തി ആണ്,  സംഗീതോപാസകനും, കലാകാരനുമൊക്കെയായിരുന്ന, അന്തരിച്ച കോടമ്പള്ളി കൃഷ്ണപിള്ള. ഗുരു തുല്യനായ ആ വളർത്തച്ഛൻ ഇല്ലായിരുന്നുവെങ്കിൽ, ഒരു പക്ഷെ, തനിക്കു ഇന്നത്തെ ഈ ഉയർച്ച അപ്രാപ്യമാകുമായിരുന്നെന്നു ജയകുമാർ സ്മരിക്കുന്നു. 


നിറങ്ങളുടെ ലോകത്ത്‌, കറുപ്പിനെയും വെളുപ്പിനേയും വളരെയധികം ഇഷ്ട്ടപെടുന്ന ജയകുമാർ, തന്റെ രചനകളുടെ മാധ്യമമായി തിരഞ്ഞെടുത്തതും പെൻസിലുകളെ ആയിരുന്നു എന്നതും വളരെ ശ്രെദ്ധേയം ആണ്. 

അതിജീവനത്തിന്റെ അന്തസത്ത ഇത്രെയേറെ രചനകളിൽ സന്നിവിശേഷിപ്പിച്ച മറ്റൊരു കലാകാരൻ ഉണ്ടോ എന്നുതന്നെ സംശയിക്കേണ്ടിയിരിക്കുന്നു. 


തൊഴിൽ സംബന്ധമായി ചെന്നൈയിൽ താമസമാക്കിയ ജയകുമാർ, 2015 ൽ ചെന്നൈ നഗരത്തെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്ക സമയത്തു രചിച്ച നിരവധി ചിത്രങ്ങൾ അതിജീവനത്തിന്റെ തെളിവുകൾ തന്നെയാണ്. ചെന്നൈ നഗരത്തെ ഭീതിയിലാഴ്ത്തി, കുത്തിയൊഴുകിയെത്തിയ, മഹാമാരി വിതച്ചത്, കൊടും ദുരിതത്തിന്റെ വിത്തുകൾ ആയിരുന്നു. തന്റെ കണ്മുന്പിലൂടെ, കഴുത്തറ്റം വെള്ളത്തിൽ, കയ്യിൽ  ഉയർത്തിപ്പിടിച്ച തയ്യൽ മെഷീനുമായി, കരയെതെന്നറിയാതെ നീന്തുന്ന ഒരു വൃദ്ധന്റെ രൂപം ജയകുമാറിൽ ഒരു നീറ്റൽ ആയി, ആ വേദന അദ്ദേഹം തന്റെ കാൻവാസിലേക്ക് പകർത്തി, അന്ന് വരച്ച ആ ചിത്രം, പിന്നീട് ലോകം മുഴുവൻ നിറകണ്ണുകളോടെ കണ്ടു. നവ മാധ്യമകളിൽ ഉൾപ്പെടെ പങ്കുവെക്കപെട്ട ആ ചിത്രം, ജയകുമാറിന് സമ്മാനിച്ചത് ഏതൊരു കലാകാരനും ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. 

മാനവികത എന്ന മഹാ സന്ദേശം തന്റെ രചനകളിലൂടെ ജയകുമാർ പങ്കുവെക്കുന്നു. ചെന്നൈ നഗരത്തിൽ, തന്റെ ഹൃദയത്തെ വേട്ടയാടിയ കാഴ്ചകൾ, മനക്കണ്ണിൽ നിന്നും വരകളായി ജനങ്ങളിലേക്ക് ഒഴുകിയെത്തി. 


വിശപ്പിന്റെ ആധിക്യത്തിൽ കരയുന്ന പൈതൽ മുതൽ, കുടിവെള്ളത്തിനായി കേഴുന്നവർ, പ്രളയ ദുരിതത്തിന്റെ നീരാളി പിടുത്തത്തിൽ പെട്ടവർ എന്ന് വേണ്ട മനുഷ്യ മനസിനെ മഥിക്കുന്ന നിരവധി കാഴ്ച്ചകൾ വരകളായി പുനർജനിച്ചു. 

ബഹുനിറങ്ങൾ തനിക്കു അന്യമല്ലെങ്കിലും, ജയകുമാർ ഏറ്റവും സ്നേഹിച്ചത് പെൻസിൽ ആയിരുന്നു, അതുകൊണ്ടാകും, ദുഃഖമെന്ന വികാരത്തെ അടയാളപ്പെടുത്താൻ ജയകുമാർ പെൻസിലിനെ തന്നെ കൂട്ടുപിടിച്ചതും. ജയകുമാർ മനസ്സിൽ നിന്നും കോറിയിടുന്ന ഒരോ ചിത്രങ്ങളും നൽകുന്ന സന്ദേശങ്ങൾ തെളിനീർപോലെ വ്യക്തമാണ്, അതിനു പലനാടുകളിൽ, പല ഭാഷകളിൽ പലവിധ വ്യാഖാനങ്ങൾ ഉണ്ടാകാറില്ല, ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചു, കാഴ്ചക്കാരന്റെ മനസിലേക്ക് അനായാസം സംവദിക്കപ്പെടുന്ന രചനകൾ ആണ് .


നൂറ്റാണ്ടു കണ്ട ഏറ്റവും ഭീകരമായ കോവിഡ് എന്ന മഹാമാരിയുടെ തീഷ്ണമായ അവസ്ഥകളിൽ ലോകം മുഴുവൻ വിറങ്ങലിച്ചു നിന്നപ്പോഴും ജയകുമാറിന് വിശ്രമമില്ലാത്ത ദിനരാത്രങ്ങൾ ആയിരുന്നു,  അത് വരകളിലെ സന്ദേശങ്ങളായി... ഏതൊരു വാക്സിനേക്കാളും തീവ്രമായി അത് ജനങ്ങളിലേക്ക് പടർന്നിറങ്ങി, "സ്വയം നിയന്ത്രണം" എന്ന മഹാ മന്ത്രം തന്റെ രചനകളിലൂടെ ജയകുമാർ പകർന്നു നൽകി. പ്രതിഫലേശ്ച ഇല്ലാതെയുള്ള ഇത്തരം പ്രവർത്തനങ്ങൾ സാമൂഹിക പ്രതിബദ്ധത എന്ന ഒരു കലാകാരന്റെ മികച്ച സന്ദേശമായി പരിണമിച്ചു. 


'മാസ്‌കിനോളം വലിയ മരുന്നില്ല", "അകാലമാണ് അതിജീവനത്തിന്റെ ആധാരം" തുടങ്ങിയ ജയകുമാറിന്റെ സന്ദേശങ്ങൾ മാധ്യമങ്ങളിലൂടെ നാടും നാട്ടാരും ഏറ്റെടുത്തു .

തുടർന്ന് ജയകുമാറിന്, അംഗീകാരങ്ങളുടെ പെരുമഴക്കാലം ആയിരുന്നു. ചെന്നൈയിലെ മാർഗഴി മഹോത്സവം 2019 ൽ 250 അടി നീളവും, 5  അടി ഉയരവുമുള്ള കാൻവാസിൽ പെൻസിൽ ഉപയോഗിച്ച്, ജയകുമാർ വരച്ചത് നമ്മുടെ നഷ്ട്ട സംസ്കൃതികളെ തന്നെ ആയിരുന്നു. ക്ഷേത്ര കലകൾ, നാടൻ കലാരൂപങ്ങൾ തുടങ്ങി സമകാലിക ലോകത്തിനു അന്യമായിക്കൊണ്ടിരിക്കുന്ന പഴമയുടെ ദൃശ്യങ്ങൾ ജനങ്ങൾ നെഞ്ചിലേറ്റി ആദരിച്ചു. ഈ രചന ജയകുമാറിന് സമ്മാനിച്ചത്  വേൾഡ് റിക്കോർഡ് ആയിരുന്നു.  അതോടൊപ്പം തന്നെ മാർഗഴി യുടെ മുഖ്യ സംഘാടകൻ ആയിരുന്ന പി എ സുരേഷ് കുമാർ സാറിനെ ജയകുമാർ സ്മരിക്കുന്നു. തന്റെ കഴിവിനെയും കലയെയും പ്രദര്ശിപ്പിക്കുവാൻ വേദി നൽകിയത് പ്രിയപ്പെട്ട സുരേഷ് സർ ആയിരുന്നു. 


ജന്മ നാടിന്റെ ആദരവ് സ്വർഗത്തേക്കാൾ സുന്ദരം ആണ് എന്ന് ജയകുമാർ സ്മരിക്കുന്നു,  ജന്മ നാടിന്റെ സ്‌നേഹാദരവുകൾ ഏറ്റുവാങ്ങാൻ ഭാഗ്യം നേടി,  നാടിനു അഭിമാനതുല്യമായ കലാകാരൻ അയണിക്കോട് എന്ന കൊച്ചു ഗ്രാമത്തെ ചരിത്ര നിമിഷത്തേക്ക് പിടിച്ചുയർത്തി.

പിന്നീട് ജയകുമാറിന്  തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല, അർഹതയുള്ളവരെ എന്നായാലും അംഗീകാരങ്ങൾ തേടിയെത്തുകതന്നെ ചെയ്യും, 

ഡിയോസിസ് ഓഫ് ഏഷ്യയുടെ ഓണററി ഡോക്ടറേറ്റ് ഇൻ ആർട്സ് അവാർഡ്   2019 ൽ ജയകുമാറിനെ ഡോക്ടർ ജയകുമാറാക്കി.


URF-Universal  Records Form WORLD RECORD

കലാംസ്‌ ബുക്ക് ഓഫ് റെക്കോർഡ് -2019 ൽ 

future കലാംസ്‌ ബുക്ക് ഓഫ് റിക്കോർഡ് - 2019 ൽ 

സോഷ്യൽ പ്രൊട്ടക്ഷൻ SPT  ഇന്റർനാഷണൽ പീസ് അവാർഡ് -2019 ൽ.

ഏഷ്യൻ വേൾഡ് റെക്കോർഡ് - 2020 ൽ 

വിവേകാനന്ദ വേൾഡ് പീസ് ഫൌണ്ടേഷൻ goodwill അംബാസിഡർ അങ്ങനെ ചെറുതും വലുതുമായി നിരവധി പുരസ്‌കാരങ്ങൾ.

ഈ അവാർഡുകളുടെ തിളക്കങ്ങൾക്കിടയിലും വിനയാന്വിതനായി ജയകുമാർ, താൻ പിന്നിട്ട വഴികൾ സ്മരിക്കുന്നു. തന്നെ താനാക്കിയ എല്ലാവരെയും നമ്രശിരസ്കനായി നെഞ്ചിലേറ്റുന്നു.

 

ചെന്നൈയിലെ ന്യൂജൻ knowledge വർക്ക് എന്ന സ്വകാര്യ സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈനർ ആയി ജോലി നോക്കുന്ന അദ്ദേഹം ഒഴിവു സമയങ്ങളിൽ തന്റെ പെൻസിലിൽ വിസ്മയം തീർക്കുന്നു. 

എല്ലാറ്റിനും പിന്തുണയുമായി, സഹധർമിണി ആശയും ഏക മകൻ ധനഞ്ജയനും ഒപ്പമുണ്ട്. 


ഇനിയും ഒരുനിമിഷവും പാഴാക്കാനില്ല എന്ന തിരിച്ചറിവോടെ........ മനുഷ്യത്വത്തിന്റെ മുഖമുള്ള കലാകാരൻ, തെരുവുകളിൽ തന്റെ അടുത്ത ചിത്രത്തിനുള്ള വിഷയങ്ങളെ തേടിക്കൊണ്ടിരിക്കുന്നു. സമൂഹത്തിനായി ഇനിയും തനിക്കു ഏറെ ചെയ്യാനുണ്ട് എന്ന ഉത്കടെച്ചയുമായി ....


പ്രിയ മിത്രമേ നന്മകൾ നേരുന്നു, മനസാക്ഷി മരവിക്കാത്ത ജനങ്ങൾ ഒപ്പമുണ്ട്...


സജി. സി. തോമസ്. പുനലൂർ. 


About sibi kunchandy

sibi kunchandy
Recommended Posts × +

0 comments:

Post a Comment