latest Post

കടലാടി...



കടലാടി പലതരമുണ്ട്. മിക്കതും ഔഷധയോഗ്യമായ കുറ്റിച്ചെടികളാണ്

വൻകടലാടി(Achyranthes aspera)
ചെറുകടലാടി(Cyathula prostrata)
പെരുംകടലാടി(Achyranthes bidentata)
ശീമക്കൊങ്ങിണി (Stachytarpheta indica) - കടലാടി എന്നും പറയും


വൻകടലാടി


വാതം, കഫം എന്നിവയിൽനിന്നും ഉണ്ടാകുന്ന രോഗങ്ങൾ ശമിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ്‌ വൻകടലാടി. (ശാസ്ത്രീയനാമം: Achyranthes aspera). വിത്തുകൾക്ക് മൂർച്ചയുള്ളതുകൊണ്ട് വസ്ത്രങ്ങളിലും മൃഗങ്ങളുടെ ശരീരത്തിലും പറ്റിപ്പിടിക്കുന്നു.

സവിശേഷതകൾ
അരമീറ്റർ മുതൽ ഒന്നരമീറ്റർ പൊക്കത്തിൽ വരെ വളരുന്ന വൻകടലാടി ഒരു ഏകവർഷ സസ്യമാണ്‌. കൂടുതലായി വരണ്ട ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഇത് കൂടുതലും കളയായി കാണപ്പെടുന്ന ഒരു ഔഷധമാണ്‌. ഇതിന്റെ വിത്തിൽ ഹൈഡ്രോ കാർബണും സാപോണിൻഎന്ന പദാർത്ഥവും കാണപ്പെടുന്നു. വേരുകളിൽ ഗ്ലൈക്കൊ സൈഡിക്കിൻ ഒലിയാനിക് ആസിഡ്, വേര്‌ കത്തിച്ച ചാമ്പലിൽ പൊട്ടാഷും അടങ്ങിയിരിക്കുന്നു. സമൂലമായും വേര്‌ കായ് എന്നിവയും ഔഷധനിർമ്മാണത്തിന്‌ ഉപയോഗിക്കുന്നു.

പേരുകൾ
കടലാടി ശിഖരി, മാർക്കടി, ദുർഗ്രാഹ, മയൂര, അപാമാർഗ, ഇന്ദുലേഖ, കരമഞ്ജരി എന്നിങ്ങനെ പല പേരുകളിൽ സംസ്കൃതത്തിലും, ചിർചര (चिरचरा) എന്ന് ഹിന്ദിയിലും, അപാങ്ഗ് എന്ന് ബംഗാളിയിലും നായുരവി എന്ന് തമിഴിലും അൽന്തിഷ എന്ന് തെലുങ്കിലും അഘാട(മറാത്തി), കുത്രി (പഞ്ചാബ്), ആഘേഡാ (ഗുജറാത്ത്)എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഔഷധയോഗ്യ ഭാഗം
വേര്, ഫലം, സമൂലം ഉപയോഗിക്കുന്നു.

ഔഷധമൂല്യം
അതിസാരത്തിന്‌ കടലാടിയുടെ ഇല ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കഴിച്ചാൽ നന്നായിരിക്കും. ചെവിവേദന , ചെവിപഴുപ്പ് എന്നീ രോഗങ്ങൾക്ക് കടലാടി സമൂലം ഔഷധമായി ഉപയോഗിക്കുന്നു. ചുമ, ആസ്മ തുടങ്ങിയ രോഗങ്ങൾക്ക് കടലാടിയുടെ കായ തേനിൽച്ചേർത്ത് അരച്ച് ഔഷധമായി ഉപയോഗിക്കുന്നു. സിദ്ധവൈദ്യത്തിൽ കടലാടി പേപ്പട്ടി വിഷത്തിന്‌ ഫലപ്രദമായ മരുന്നായി ഉപയോഗിക്കുന്നു. ഇല പിഴിഞ്ഞെടുക്കുന്ന നീരു് കൂടുതൽ കഴിച്ചാൽ ഗർഭഛിദ്രം ഉണ്ടാവും.പ്രസവ വേദന ഉണ്ടാവാനും കഴിക്കാം. അഗസ്ത്യരസായനം ഉണ്ടാക്കാൻ ചെറുകടലാടി ഉപയോഗിക്കുന്നു.

Post from:




ചെറുകടലാടി


ലോകത്തെല്ലായിടത്തും തന്നെ സാന്നിധ്യമുള്ള ഒരു കുറ്റിച്ചെടിയാണ് ചെറുകടലാടി. (ശാസ്ത്രീയനാമം: Cyathula prostrata). അരമീറ്ററോളം ഉയരം വയ്ക്കും. 1650 മീറ്റർ വരെ ഉയരമുള്ള ഇടങ്ങളിൽ വഴിവക്കിലും, ചെറുകാട്ടിലുമെല്ലാം വ്യാപകമായി വളരുന്ന ഒരു കളയാണ് ചെറുകടലാടി. Pastureweed, Hookweed, Purple Princess എന്നെല്ലാം അറിയപ്പെടുന്നു. ഔഷധസസ്യമാണ്. ഫിലിപ്പൈൻസിലെ നാട്ടുവൈദ്യത്തിൽ ഇത് പല അസുഖങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നുണ്ട്.



പെരുംകടലാടി



ഇന്ത്യ, നേപ്പാൾ, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ വളരുന്ന ഒരു ചെടിയാണ് പെരുംകടലാടി. (ശാസ്ത്രീയനാമം: Achyranthes bidentata). ചൈനയിലെ നാട്ടുമരുന്നിൽ ഉപയോഗിക്കുന്നു. നേപ്പാളിൽ പല്ലുവേദനയ്ക്ക് ഉപയോഗിക്കാറുണ്ട്. വറുതിയുടെ സമയത്ത് ഇതിന്റെ വിത്ത് ഭക്ഷണമാക്കാറുണ്ട്. മിസോറമിൽ അട്ട കടിച്ചാൽ ചികിൽസിക്കാൻ പെരുംകടലാടി ഉപയോഗിക്കുന്നു. ഹിമാലയത്തിലും സിക്കിമിലും കാണാറുണ്ട്. ഗർഭകാലത്ത് ഉപയോഗിക്കരുതെന്നു കാണുന്നു. വേരുകൾക്ക് വിഷമുണ്ട്. ഇലകളും ഭക്ഷ്യയോഗ്യമാണ്.

Post From:


ശീമക്കൊങ്ങിണി
കേരളത്തിലുടനീളം സാധാരണയായി കാണപ്പെടുന്ന ഒരു സസ്യമാണ്‌ ശീമക്കൊങ്ങിണി. ചില സ്ഥലങ്ങളിൽ ഇതിനെ കടലാടി എന്നും ഒടിച്ചുകുത്തി എന്നും വിളിക്കാറുണ്ട്. ഇന്ത്യയുടെ ഇതരഭാഗങ്ങളിലും പശ്ചിമേഷ്യയിൽപൊതുവേയും ഇവ വളരുന്നു. ആംഗലേയത്തിൽ ഈ ചെടിക്ക് ഇന്ത്യൻ സ്നേക്ക്‌വീഡ് എന്നാണു പേർ.

നാലടിയോളം പൊക്കത്തിൽ ശീമക്കൊങ്ങിണി വളരും. ദീർഘ അണ്ഡാകാരമുള്ള ചിരവനാക്കിന്റെ പോലെയുള്ള ചെറിയ ഇലകളാണ്‌ ഇവയ്ക്ക്. ഒരു മുട്ടിൽ രണ്ട് ഇലവീതം കാണപ്പെടുന്നു.

പൂങ്കുലയ്ക്ക് ഒരടിയോളം നീളമുണ്ട്. ഇവയോട് ഒട്ടിച്ചേർന്ന് ചെറിയ നീല പൂക്കൾ വിരിയുന്നു. എല്ലാക്കാലത്തും പുഷ്പിക്കുന്ന ഈ ചെടിയുടെ പൂങ്കുലകളിൽ ഒരിക്കലും നിറയെ പുഷ്പങ്ങൾ വിരിയില്ല. അഞ്ചു ദളങ്ങളും അഞ്ചു കേസരങ്ങളും രണ്ട് അറകളോടുംകൂടിയ അണ്ഡാശയവും അടങ്ങിയതാണ്‌ ഇവയുടെ പൂക്കൾ.

ഉപയോഗം

പാരമ്പര്യ ചികിത്സയിൽ ഇവ അരച്ച് വ്രണങ്ങൾക്കു മുകളിൽ പുരട്ടാറുണ്ട്. പനിക്കും വാതത്തിനും ഇവയുടെ ഇല അരച്ച് സേവിക്കുന്നു.

തായ് പാരമ്പര്യ ചികിത്സാരീതിയിൽ ഇവയെ പനിക്കും മൂത്രതടസ്സത്തിനും വിയർപ്പിന്റെ ആധിക്യത്തിനും മരുന്നായി ഉപയോഗിക്കുന്നു. തായ്ലാന്റിൽഇതിന്റെ ഇല ഉണക്കിപ്പൊടിച്ച് തേയിലയ്ക്കു പകരം പാനീയത്തിൽ ഉപയോഗിക്കാറുമുണ്ട്.

ഹ്രസ്വകാലവിളകൾക്കു (വേനൽ കായ്കറിക്കും മറ്റും) വേലികെട്ടാൻ പലയിടങ്ങളിലും ഈ ചെടി ഉപയോഗിച്ചിരുന്നു.

Post From:

About sibi kunchandy

sibi kunchandy
Recommended Posts × +

0 comments:

Post a Comment