കേരളത്തിൽ 1924 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം. കൊല്ലവർഷം 1099ലാണ് ഇതുണ്ടായത് എന്നതിനാലാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിൽ ഇതറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇത്. 1099 കർക്കിടകമാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങൾ മുഴുവൻ മുങ്ങിപ്പോയി. മദ്ധ്യതിരുവിതാംകൂറിനേയും തെക്കൻ മലബാറിനേയും പ്രളയം ബാധിച്ചു. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വരെ വെള്ളപ്പൊക്കമുണ്ടായി ഈ വെള്ളപ്പൊക്കത്തിൽ മരിച്ചവർ എത്രയെന്നു കണക്കില്ല. അങ്ങനെ ഒരു കണക്കെടുക്കാനുള്ള സംവിധാനം അക്കാലത്ത് അന്നുണ്ടായിരുന്നില്ല. അന്നത്തെ പത്രവാർത്തകളും മറ്റു രേഖകളും പ്രളയത്തിന്റെ ഒരു ഏകദേശ ചിത്രം നമുക്ക് തരുന്നു. നാടൊട്ടുക്കും ഗതാഗതം മുടങ്ങി. പാലത്തിൽ വെള്ളം കയറി തീവണ്ടികൾ ഓട്ടം നിർത്തി. തപാൽ സംവിധാനങ്ങൾ നിലച്ചു. അൽപമെങ്കിലും ഉയർന്ന പ്രദേശങ്ങളിലെല്ലാം അഭയാർഥികളെക്കൊണ്ട് നിറഞ്ഞു. വെള്ളത്തോടൊപ്പം പട്ടിണിയും ജനങ്ങളെ വലച്ചു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തോളം വരില്ലെങ്കിലും 1939, 1961, 2018 എന്നീ വർഷങ്ങളിലും കനത്ത വെള്ളപ്പൊക്കങ്ങൾ കേരളത്തിലുണ്ടായി.
പ്രളയം ബാധിച്ച പ്രദേശങ്ങൾ ,
മദ്ധ്യകേരളത്തെയാണ് പ്രളയം ഏറ്റവും മാരകമായി ബാധിച്ചത്. ആലപ്പുഴ മുഴുവനായും ഏറണാകുളത്തിന്റെ നാലിൽ മൂന്ന് ഭാഗവും വെള്ളത്തിനടിയിൽ മുങ്ങിയെന്നാണ് രേഖകൾ പറയുന്നത്. മദ്ധ്യ തിരുവിതാംകൂറിൽ 20 അടിവരെ വെള്ളം പൊങ്ങി. മഴപെയ്തുണ്ടായ മലവെള്ളവും കടൽ വെള്ളവും ഒരുപോലെ കരയെ ആക്രമിച്ചു. മലബാറിലും പ്രളയം കനത്തതോതിൽ ബാധിച്ചു. കർക്കിടകം പതിനേഴ് കഴിഞ്ഞപ്പോഴേക്കും തെക്കേ മലബാർ വെള്ളത്തിനടിയിലായി. കോഴിക്കോട് പട്ടണം മുക്കാലും മുങ്ങി. രണ്ടായിരം വീടുകൾ നിലം പതിച്ചു. പൊന്നാനി താലൂക്കിലും മറ്റും കനോലി കനാലിലൂടെ മൃത ശരീരങ്ങൾ ഒഴുകിനടക്കുകയായിരുന്നു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം മൂലം കേരളത്തിന്റെ ഭൂപ്രകൃതിയും നദികളുടെ ഗതിയും വരെ സാരമായി മാറുകയുണ്ടായി. ഭാരതപ്പുഴയുടെ തീരങ്ങളിലെ ഇല്ലങ്ങളിൽ ആചാരപ്രകാരം സൂക്ഷിച്ചിരുന്ന അഗ്നി ഈ വെള്ളപ്പൊക്കത്തിൽ നശിച്ചുവെന്ന് ദേവകി നിലയങ്ങോട് അനുസ്മരിക്കുന്നുണ്ട്.
*മൂന്നാറിലെ പ്രളയം*
സമുദ്രനിരപ്പിനടുത്തുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയതിൽ അത്ഭുതമില്ല . എന്നാൽ സമുദ്രനിരപ്പിൽ നിന്ന് 5000 മുതൽ 6500 വരെ അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വെള്ളപ്പോക്കമുണ്ടായതാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ ഏറ്റവും അമ്പരപ്പിച്ചത്. ഏഷ്യയിലെ സ്വിറ്റ്സർലാൻറ് എന്ന് വിശേഷിപ്പിക്കപ്പെട്ട സ്ഥലമായിരുന്നു അക്കാലത്തെ മൂന്നാർ . ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട താവളം. അന്ന് മൂന്നാറിൽ വൈദ്യുതിയും റോപ്പ് വേയും മോണോറെയിൽ തീവണ്ടിയും വരെ ഉണ്ടായിരുന്നു. കിലോമീറ്ററുകൾ പരന്നു കിടക്കുന്ന ബ്രിട്ടീഷുകാരുടെ തേയിലത്തോട്ടങ്ങളും. 1924 ജൂലൈ മാസത്തിൽ മാത്രം മൂന്നാറിൽ രേഖപ്പെടുത്തിയ പേമാരിയുടെ അളവ് 171.2 ഇഞ്ചായിരുന്നു. ജൂലൈ പകുതിയോടെ തുടങ്ങിയ കനത്തമഴയിൽ വൻതോതിൽ മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിയും മാട്ടുപ്പെട്ടിയിൽ രണ്ടു മലകൾ ചേരുന്ന സ്ഥലത്ത് തനിയെ ഒരു ബണ്ട് ഉണ്ടായി (ഇന്നവിടെ ഒരണക്കെട്ടുണ്ട്). തുടർന്നുള്ള ദിവസങ്ങളിൽ രാവും പകലും പെയ്ത മഴയിൽ ഉരുൾപൊട്ടലുണ്ടായി. ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാവാതെ മാട്ടുപ്പെട്ടിയിലെ ബണ്ട് തകർന്നതോടെ ഒരു അണക്കെട്ട് പൊട്ടിയപോലെയുള്ള വെള്ളപ്പാച്ചിലിൽ ഒഴുകിവന്ന വെള്ളവും ഒപ്പം വന്ന മരങ്ങളും കൂടി മൂന്നാർ പട്ടണം തകർത്ത് തരിപ്പണമാക്കി. റോഡുകളെല്ലാം നശിച്ചു. റെയിൽവേ സ്റ്റേഷനും റെയിൽപാതയും എന്നെന്നേക്കുമായി മൂന്നാറിനു നഷ്ടപ്പെട്ടു .
അതേസമയം ഇപ്പോഴത്തെ ഹെഡ്വർക്ക് ഡാം സ്ഥിതിചെയ്യുന്ന സ്ഥലത്തും മലയിടിഞ്ഞു ഒരു 'അണക്കെട്ട്' ഉണ്ടായിരുന്നു. പഴയ മൂന്നാറിനു സമീപമായി ഏകദേശം ആറായിരം ഏക്കർ പരന്നു കിടന്നിരുന്ന സ്ഥലം ഒരു വൻ തടാകമായി മാറി. മഴതുടങ്ങിയതിന്റെ ആറാം ദിവസം ഈ അണക്കെട്ട് പൊട്ടി. ഈ മലവെള്ളപ്പാച്ചിൽ അവസാനിപ്പിച്ചത് പള്ളിവാസലിൽ 200 ഏക്കർ സ്ഥലം ഒറ്റയടിക്ക് കുത്തിയൊലിപ്പിച്ചു കൊണ്ടായിരുന്നു. പള്ളിവാസലിന്റെ രൂപം തന്നെ മാറിപ്പോയി. 150 അടി ഉയരമുള്ള ഒരു വെള്ളച്ചാട്ടം സൃഷ്ടിക്കപ്പെട്ടു. പള്ളിവാസലിൽ വൈദ്യുതി ഉൽപാദിപ്പിച്ചിരുന്ന രണ്ടു ജനറേറ്ററുകൾ മണ്ണിനടിയിലായി.
പൂർണ്ണമായും തകർന്ന മൂന്നാറിനെ വീണ്ടും ഒരുയർത്തെഴുനേൽപ്പിനു സഹായിച്ചത് ബ്രിട്ടീഷുകാർ തന്നെ. വീണ്ടും തേയില നട്ടു, റോഡുകൾ നന്നാക്കി, മൂന്നാർ പഴയ മൂന്നാറായി. എന്നാൽ ആ വെള്ളപ്പൊക്കത്തിൽ മൂന്നാറിനു സംഭവിച്ച ഒരു വലിയ നഷ്ടമാണ് പിന്നീടൊരിക്കലും അവിടേയ്ക്ക് തീവണ്ടി ഓടിക്കയറിയിട്ടില്ല എന്നത്. മൂന്നാറിൽ തീവണ്ടി ഉണ്ടായിരുന്നു എന്നതു തന്നെ ഇന്ന് ഒരു അത്ഭുതവാർത്തയാണ്.
post from:
https://www.facebook.com/photo.php?fbid=2304945612899046&set=gm.1216053121907073&type=3&theater&ifg=1
0 comments:
Post a Comment