latest Post

നല്ല ശമരിയക്കാരൻ

ചിത്രം : 'നല്ല ശമരിയക്കാരൻ' നന്മയെ ചിത്രകാരന്റെ വരയിലൂടെ.

നിസ്വാർത്ഥ സേവനവും ദാനശീലമുള്ളവും കാരുണ്യവും കൈമുതലാക്കിയവരെ 'Good Samaritan’ എന്ന് പറയാറുണ്ട്.



നിസ്വാർത്ഥപരമായ പരസ്പരസ്നേഹത്തിന്റെ മാതൃക അവതരിപ്പിക്കാൻ യേശു ക്രിസ്തു അനുയായികൾക്ക്‌ പകർന്ന് നൽകിയ ഒരു സരോപദേശകഥയാണ്‌ 'നല്ല ശമരിയക്കാരൻ'. യഹൂദ വിശ്വാസത്തിന്റെ സമാന്തര രൂപമായ ശമരിയ മതം പിന്തുടരുന്നവരാണ്‌ ശമരിയർ എന്ന് അറിയപ്പെടുന്നത്‌. യഥാർത്ഥ യഹൂദമതം തങ്ങളുടെതാണെന്ന് വിശ്വസിക്കുന്ന ഇവരുടെ അംഗസംഖ്യ ഇന്ന് വളരെ കുറഞ്ഞിരിക്കുന്നു.

ക്രിസ്തുവിന്ന് മുമ്പ്‌ ആറാം നൂറ്റാണ്ടിൽ നടന്നതായി കരുതപ്പെടുന്ന ബാബിലോണിലെ പ്രവാസകാലം മുതൽ ക്രിസ്തുവർഷാരംഭം വരെ പുരാതന ശമരിയാ പ്രദേശത്ത്‌ കഴിഞ്ഞിരുന്നവരാണ്‌ ശമരിയ വിശ്വാസികളുടെ പൂർവ്വികർ എന്ന് കരുതപ്പെടുന്നു. പ്രാവസത്തിൽ പോവാതെ ഇസ്രായേലിൽ തങ്ങിയ തങ്ങളുടെ പൂർവ്വികരാണ്‌ കലർപ്പില്ലാതെ യഹൂദവിശ്വാസം പരിരക്ഷിച്ചത്‌ എന്ന് ശമരിയക്കാർ വിശ്വസിക്കുന്നു. പ്രാവസത്തിൽ പോയവർ തിരിച്ച്‌ വന്നപ്പോൾ എബ്രയാ ബൈബിളിൽ കൂട്ടിച്ചേർക്കപ്പെട്ട മിഷ്നാ, താൽമൂദ്‌, റബൈനിക ഗ്രന്ഥങ്ങളിൽ ശമരിയാക്കാർ വിശ്വസിക്കുന്നില്ല. ജോർദ്ദാൻ നദിയുടെ പടിഞ്ഞാറേക്കരയിലുള്ള ഗെരിസിം മലയെ വിശുദ്ധസ്ഥലമായി കാണുന്ന ശമരിയക്കാർ ജറുസേലം നഗരത്തിന്ന് പുണ്യം കൽപ്പിക്കുന്നില്ല. ഇന്ന് ആയിരത്തിൽ താഴെ മാത്രം അനുയായികളുളള ശമരിയൻ വിശ്വാസികളിൽ അധികം പേരും ഇസ്രായേലിൽ കഴിയുന്നു. കുറച്ച്‌ പേർ പലസ്തീനിലും. പലസ്തീനിൽ കഴിയുന്നവർ അറബി ഭാഷയും ഇസ്രായേലിൽ കഴിയുന്നവർ എബ്രയാഭാഷയുമാണ്‌ മാതൃഭാഷായായി സ്വീകരിച്ചിട്ടുള്ളത്‌.

സഹജീവിയോടുള്ള അനുകമ്പയിൽ പേരുകേട്ടവരാണ്‌ ശമരിയൻ വിശ്വാസികൾ. അവരുടെ നിസ്വാർത്ഥ സേവനത്തെ പ്രകീർത്തിക്കുന്ന ഒരു സംഭവം യേശുക്രിസ്തു അനുയായികൾക്ക്‌ പകർന്ന് കൊടുക്കുകയുണ്ടായി..

ആ ഉപദേശക്കഥ ഇങ്ങനെ..

ഒരിക്കൽ ഒരാൾ ജറുസേലമിൽ നിന്ന് ജറിക്കോയിലേക്ക്‌ യാത്ര പോവുകയായിരുന്നു. മലമ്പാതയിലൂടെ നടന്ന് പോകുന്ന അയാളെ കൊള്ളക്കാർ അക്രമിച്ചു. അയാളുടെ കയ്യിലുണ്ടായിരുന്ന സകലവസ്തുക്കളും കൊള്ളയടിച്ച ശേഷം അയാൾ ധരിച്ചിരുന്ന വസ്ത്രവും ഊരിയെടുത്ത്‌ അയാളെ നഗ്നാക്കി മർദ്ദിച്ചവശനാക്കി അയാളെ വഴിയരികിൽ തള്ളി കൊള്ളക്കാർ സ്ഥലം വിട്ടു.

ദേവാലയത്തിലെ ശുശ്രൂഷകൾ കഴിഞ്ഞ്‌ അത്‌ വഴി വന്ന ഒരു പുരോഹിതൻ അത്‌ വഴി നടന്ന് വന്നപ്പോൾ മൃതപ്രയനായി മുറിവേറ്റ്‌ കിടക്കുന്ന ഒരാളെ കണ്ടെങ്കിലും തന്റെ വസ്ത്രം രക്തത്താൽ അശുദ്ധിയാവുമെന്ന് കരുതി അയാൾ രക്ഷപ്പെടുത്താൻ ശ്രമിക്കാതെ നടന്നകന്നു. കുറെക്കഴിഞ്ഞപ്പോൾ ഒരു ലേവായനും അത്‌ വഴി വരികയും മുറിവേറ്റു കിടക്കുന്ന യാത്രക്കാരനെ കാണാനുമിടയായി. ദൈവത്തെ പ്രീതിപ്പെടുത്താനുള്ള തിരക്കിനിടയിൽ അയാളെ സഹായിക്കാൻ നിന്നാൽ വൈകുമെന്ന് കരുതിയ അയാളും മരണത്തോട്‌ മല്ലിടുന്ന യാത്രക്കാരന്റെ കണ്ണുകളിലെ ദഹനീയ ഭാവം നോക്കാതെ മുഖം തിരിച്ച്‌ വേഗത്തിൽ നടന്ന് പോയി.

പിന്നീട്‌ അത്‌ വഴി വന്നത്‌ ഒരു ശമരിയക്കാരനായിരുന്നു. ശമരിയായിൽ നിന്ന് ജോർദ്ദാൻ കടവിലേക്ക്‌ യാത്ര പോകുകയായിരുന്ന അയാൾ വഴിയരികിൽ മുറിവേറ്റ്‌ അവശനായി കിടക്കുന്ന യാത്രക്കാരനെ കണ്ടു. ഉടനെ തന്റെ കുതിരപ്പുറത്ത്‌ നിന്ന് താഴെയിറങ്ങി കയ്യിലുണ്ടായിരുന്ന വീര്യം കൂടിയ വീഞ്ഞു മുറുവേറ്റയാളെ കുടിപ്പിച്ചു. തന്റെ വസ്ത്രം കീറി, അയാളുടെ മുറിവുകൾ വളരെ ശ്രദ്ധയോടെ വെച്ചുക്കെട്ടി. ശേഷം കുതിരയിലിരുത്തി വളരെ ശ്രദ്ധയോടെ യാത്ര തുടർന്നു. അടുത്ത്‌ വന്ന നഗരത്തിലെ സത്രത്തിൽ അയാളെ പ്രവേശിപ്പിച്ചു. പുലർച്ചെ വരെ അയാളെ ശുശ്രൂഷിക്കുകയും ശേഷം അവിടന്ന് യാത്ര പുറപ്പെടാൻ നേരം സത്രം സൂക്ഷിപ്പുക്കാരന്റെ കയ്യിൽ കുറച്ച്‌ നാണയങ്ങൾ ഏൽപിച്ചു ഇങ്ങനെ പറഞ്ഞു. "പൂർണ്ണസുഖം പ്രാപിച്ച്‌ അയാൾ യാത്രയാവും വരെ ഒരു രാജാവിനെ പരിപാലിക്കും വിധം അയാളെ സംരക്ഷിക്കുക. ഈ തുക മതിവന്നില്ലെങ്കിൽ അധികമായി ചിലവിട്ട തുക ഞാൻ തിരിച്ച്‌ വരുമ്പോൾ തന്നുകൊള്ളാം". ഇതും പറഞ്ഞ്‌ ശമരിയാക്കരൻ യാത്രയായി.

🔯 സിദ്ദീഖ്‌ പടപ്പിൽ 🔯

https://www.facebook.com/photo.php?fbid=440889400023468&set=gm.1217067005139018&type=3&theater&ifg=1

About sibi kunchandy

sibi kunchandy
Recommended Posts × +

0 comments:

Post a Comment